USB Type C


USB type C connector

നിലിവിലുള്ള നാല് വ്യത്യസ്ത തരം കോഡുകള്‍ക്ക് പകരമായി ഉപയോഗിക്കാവുന്ന ഏറ്റവും പുതിയ സംവിധാനമാാണ് യുഎസ്ബി ടൈപ്പ് സി കണക്ടര്‍/പോര്‍ട്ട്.

എന്താണീ യുഎസ്ബി ടൈപ്പ് സി?

കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലുമൊക്കെയായി നിലവില്‍ നാല് തരം യുഎസ്ബി കണക്ടറുകളാണ് ഉപയോഗിക്കുന്നത്. ടൈപ്പ് എ, ടൈപ്പ് ബി, മൈക്രോ, മിനി എന്നിവ.

ലാപ്‌ടോപ്പുകള്‍ ചാര്‍ജ് ചെയ്യാനുപയോഗിക്കുന്ന വലിയ യുഎസ്ബി പോര്‍ട്ടോടു കൂടിയതാണ് ടൈപ്പ് എ. ലാപ്‌ടോപ്പില്‍ നിന്നും ഡെസ്‌ക്‌ടോപ്പില്‍ നിന്നുമൊക്കെ പ്രിന്ററിലേക്ക് കണക്ട് ചെയ്യാന്‍ ഉപയോഗിക്കുന്നതാണ് ടൈപ്പ് ബി.

ക്യാമറകള്‍ ചാര്‍ജ്ജ് ചെയ്യാനും അതിലെ ഫോട്ടോകള്‍ കമ്പ്യൂട്ടറിലേക്ക് മാറ്റാനും ഉപയോഗിക്കുന്ന യുഎസ്ബി കോഡിനെ മിനി എന്നുവിളിക്കുന്നു. സ്മാര്‍ട്‌ഫോണുകളില്‍ കുത്തുന്നതിന് മൈക്രോ യുഎസ്ബി കോഡ് എന്നാണ് പേര്.

ഈ നാല് തരം കോഡുകള്‍ക്കും പകരമായി ഉപയോഗിക്കാവുന്ന ഏറ്റവും പുതിയ കണ്ടുപിടിത്തത്തെയാണ് യുഎസ്ബി ടൈപ്പ് സി കണക്ടര്‍/പോര്‍ട്ട് എന്ന് വിളിക്കുന്നത്. യുഎസ്ബി 3.0 വെര്‍ഷനുശേഷം ഇറങ്ങിയതിനാല്‍ യുഎസ്ബി 3.1 എന്നും ഇതിന് പേരുകിട്ടിയിട്ടുണ്ട്.


ടൈപ്പ് സി കൊണ്ടുള്ള ഗുണങ്ങള്‍

സ്മാര്‍ട്‌ഫോണുകളില്‍ നമ്മള്‍ ഇപ്പോഴുപയോഗിക്കുന്ന കേബിളിന്റെ ഒരു ഭാഗത്ത് യുഎസ്ബി പ്ലഗും മറുവശത്ത് മൈക്രോ യുഎസ്ബി പ്ലഗുമാണ്. രണ്ട് അറ്റത്തെ പ്ലഗുകളിലെ വലിപ്പവ്യത്യാസത്തിന്റെ കാരണം ഇതുതന്നെ.

ഇരുവശവും ഒരേ വലിപ്പമുളള കണക്ടറുകളുമായാണ് ടൈപ്പ് സിയുടെ വരവ്. ഡാറ്റ കൈമാറ്റ വേഗവും ചാര്‍ജിങ് വേഗവുമെല്ലാം ഇരട്ടിയിലേറെ വര്‍ധിക്കും. സെക്കന്‍ഡില്‍ പത്ത് ഗിഗാബൈറ്റ് ഡാറ്റ കൈമാറ്റ വേഗം, 100 വാട്ട് വൈദ്യുതി ശേഷി എന്നിവയാണ് യുഎസ്ബി ടൈപ്പ് സിയുടെ പ്രത്യേകതകള്‍.
കണക്ടറുകള്‍ക്ക് അഞ്ച് ആംപിയര്‍ വരെയും കേബിളുകള്‍ക്ക് മൂന്ന് ആംപിയര്‍ വരെയും വൈദ്യുതി ചാലക ശേഷിയുണ്ട്. ഇപ്പോള്‍ മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതുപോലെ, യുഎസ്ബി കോഡ് ഉപയോഗിച്ച് ഇനി ലാപ്‌ടോപ്പും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഭാരമേറിയ എ.സി. അഡാപ്റ്ററും തൂക്കി നടക്കേണ്ട കാര്യമില്ലെന്നര്‍ഥം.


പവര്‍, ഡാറ്റ, വീഡിയോ എന്നിവയെല്ലാം ഒരേസമയം വഹിക്കാന്‍ യുഎസ്ബി ടൈപ്പ് സിക്ക് സാധിക്കും. നിലവില്‍ ലാപ്‌ടോപ്പില്‍നിന്ന് ഇന്റര്‍നെറ്റിനായും പവര്‍ ചാര്‍ജിങിനായും എക്‌സ്‌റ്റേണല്‍ മെമ്മറിക്കായും പല കോഡുകള്‍ ഉപയോഗിക്കേണ്ടി വരുന്നുണ്ടല്ലോ. ടൈപ്പ് സി സാര്‍വത്രികമാകുന്നതോടെ അതൊന്നും വേണ്ടിവരില്ല. 

ആപ്പിള്‍ ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ മാക്ബുക്കില്‍ ആകെയുള്ളത് ഒരു യുഎസ്ബി ടൈപ്പ് സി പോര്‍ട്ടും 3.5 എംഎം ഇയര്‍ഫോണ്‍ ജാക്കുമാണ്. ഗൂഗിള്‍ ക്രോംബുക്കിന്റെ പുതിയ വെര്‍ഷനിലും യുഎസ്ബി ടൈപ്പ് സി പോര്‍ട്ടാണുള്ളത്. 

ലാപ്‌ടോപ്പുകളുള്‍പ്പെടെയുള്ള ഗാഡ്ജറ്റുകളുടെ വലിപ്പം കുറയ്ക്കുന്നതിലും യുഎസ്ബി സി പോര്‍ട്ട് നിര്‍ണായകപങ്കു വഹിക്കും. പവറിനും ഡാറ്റ ട്രാന്‍സ്ഫറിനുമൊക്കെയായി പ്രത്യേകം യുഎസ്ബി പോര്‍ട്ടുകള്‍ നല്‍കുന്നതിന് പകരം അവയെല്ലാം ഒറ്റ പോര്‍ട്ടിലൊതുക്കാന്‍ സാധിക്കുമെന്നതുകൊണ്ടാണിത്. 

പതിനായിരം തവണ കണക്ട്-ഡിസ്‌കണക്ട് ശേഷിയുണ്ടാകും യുഎസ്ബി ടൈപ്പ് സി കണക്ടറുകള്‍ക്ക്. നിലവിലുള്ള യുഎസ്ബി, മൈക്രോ യുഎസ്ബി പോര്‍ട്ടുകളും പ് ളഗുകളുമായി കണക്ട് ചെയ്യാന്‍ സാധിക്കില്ല എന്നതാണ് ഇപ്പോഴുള്ള പോരായ്മ. അതിനായി പ്രത്യേകം അഡാപ്റ്ററുകള്‍ ഘടിപ്പിക്കേണ്ടിവരും. 


Windows 8.1

windows-8
മൈക്രോസോഫ്റ്റ് വിന്‍ഡോസ് ശ്രേണിയിലെ പുതിയ വിന്‍ഡോസ് 8.1 പുറത്തിറക്കി. വിന്‍ഡോസ് 8 ന്റെ പരിഷ്‌കരിച്ച പതിപ്പാണ് വിന്‍ഡോസ് 8.1. വിന്‍ഡോസ് 8 ഉപയോഗിക്കുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഈ അപ്‌ഡേറ്റ് ഇനി ലഭ്യമാകും.
ടച്ച് സ്‌ക്രീനെന്ന പുതു രൂപവുമായി അവതരിപ്പിച്ച വിന്‍ഡോസ് 8 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഒഴിവാക്കിയിരുന്ന സ്റ്റാര്‍ട്ട് ബട്ടണ്‍ വിന്‍ഡോസ് 8.1ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോഗോ രൂപത്തില്‍ ഹോം സ്‌ക്രീനിന്റെ ഇടത് താഴെ വിന്‍ഡോസ് 8.1 ലാണ് സ്റ്റാര്‍ട്ട് ബട്ടണ്‍ കാണാന്‍ കഴിയുക. വിന്‍ഡോസ് 95 നുശേഷം എല്ലാ വിന്‍ഡോസ് പതിപ്പിലുമുണ്ടായിരുന്ന സ്റ്റാര്‍ട്ട് ബട്ടണ്‍ വിന്‍ഡോസ് 8 ല്‍ നിന്നും ഒഴിവാക്കിയിരുന്നു. കൂടുതല്‍ മെച്ചപ്പെടുത്തിയ സെര്‍ച്ച് നിര്‍വഹണമായിരിക്കും വിന്‍ഡോസ് 8.1 അപ്‌ഡേറ്റിന്റെ മറ്റൊരു പ്രത്യേകത. ആപ്പ് ഐക്കണ്‍ ടൈലുകളുടെ വലുപ്പം വ്യത്യാസപ്പെടുത്തി സ്റ്റാര്‍ട്ട് സ്‌ക്രീന്‍ കസ്റ്റമറൈസ് ചെയ്യാനും സാധിക്കും. ഏതൊക്കെ ആപ്‌സ് ഹോം സ്‌ക്രീനില്‍ കാണണം എന്നു തീരുമാനിക്കാനും രണ്ട് വിന്‍ഡോകള്‍ ഒരേ സമയം തുറക്കാനും കഴിയും.
നേരിട്ട് ഡെസ്‌ക്ടോപ്പിലേക്ക് ബൂട്ട് ചെയ്യാനുള്ള ഓപ്ഷന്‍, കൂടുതല്‍ പിസി സെറ്റിംഗ്, ലോക്ക് സ്‌ക്രീനില്‍ സ്ലൈഡ്‌ഷോ, പരിഷ്‌കരിച്ച ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍, വ്യത്യസ്ത വലുപ്പത്തിലുള്ള സ്റ്റാര്‍ട്ട് സ്‌ക്രീനിലെ ടൈല്‍സ് തുടങ്ങിയവയാണ് വിന്‍ഡോസ് 8.1 ല്‍ കൊണ്ടുവന്ന പ്രധാന മാറ്റങ്ങള്‍. മൈക്രോസോഫ്റ്റ് ബ്രൗസറിന്റെ  പുതിയ പതിപ്പായ ഇന്റര്‍നെറ്റ് എക്‌സപ്ലോറര്‍ 11 ആണ് വിന്‍ഡോസ് 8. 1 ലുണ്ടാവുക.
2012 ഓക്ടോബറില്‍ വിപണിയിലിറങ്ങിയ വിന്‍ഡോസ് 8 ന്റെ പത്തുകോടി ലൈസന്‍സുകള്‍ വില്‍ക്കാന്‍ മൈക്രോസോഫ്റ്റിനു കഴിഞ്ഞു. ടാബ്ലെറ്റ് കംപ്യൂട്ടറുകളായിരുന്നു വിന്‍ഡോസ് 8ന്റെ ലക്ഷ്യമെങ്കിലും വിപണിയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ വിന്‍ഡോസ് 8 ന് കഴിഞ്ഞില്ല. ടാബ്ലെറ്റ് കംപ്യൂട്ടറുകള്‍ക്കായി വിന്‍ഡോസ് ബ്ലൂ എന്ന പേരില്‍ വിന്‍ഡോസ് 8 ന്റെ പരിഷ്‌കരിച്ച പതിപ്പിന്റെ പ്രിവ്യൂ നേരത്തെ തന്നെ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിരുന്നു.
പുതിയ പതിപ്പിലൂടെ കൂടുതല്‍ വില്‍പന നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മൈക്രോസോഫ്റ്റ്.